20 August, 2025 08:42:49 PM


മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി: കൊടിയേറ്റ് നാളെ

- രാജേഷ് കുര്യനാട്



കോട്ടയം : വൈഷ്ണവചൈതന്യം നിറയുന്ന  മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഏഴുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് നാളെ ( വ്യാഴം) കൊടിയേറും. രാവിലെ ആറിന് ഗണപതി ഹോമത്തോടെയാണ് ചതുര്‍ഥി തീര്‍ഥാടന ചടങ്ങുകള്‍ക്ക് തുടക്കമിടുക. രാവിലെ ഒന്‍പതിന് കളഭാഭിഷേകം. 10.30നാണ് തൃക്കൊടിയേറ്റ്. ക്ഷേത്ര തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

കൊടിയേറ്റിനു മുന്നോടിയായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം, കൊടിക്കൂറക്കയര്‍ സമര്‍പ്പണം ഇവ നടക്കും. വൈകുന്നേരം 6.30ന് ദീപാരാധന. കലാപരിപാടികളുടെ വേദിയായ ഗണേശമണ്ഡപത്തില്‍ കഥകളി - അര്‍ജുന വിഷാദവൃത്തം (അവതരണം: കോട്ടയ്ക്കല്‍ പിഎസ് വി നാട്ട്യസംഘം). 27ന് വിനായക ചതുര്‍ഥിയും പള്ളിവേട്ടയും. 28ന് ആറാട്ട്.

10,008 നാളികേര മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും വിനായക ചതുര്‍ഥി ദിനത്തിലെ പ്രധാന ചടങ്ങുകളാണ് നടി ശോഭന, ശരത്, ടി.എസ് രാധാകൃഷ്ണ ജി എന്നിവര്‍ കലാമണ്ഡപത്തിലും താളവാദ്യകുലപതികളായ മട്ടന്നൂരും പെരുവനവും കിഴക്കൂട്ടും ചേരാനല്ലൂരും മള്ളിയൂരിലെ കലാവേദികള്‍ക്ക് നിറം പകരും. മള്ളിയൂരിലെ വിനായക ചതുര്‍ഥി മഹോത്സവം കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ സമാരംഭം കൂടിയാണ്. വിനായക ചതുര്‍ഥി തിരുവുല്‍സവത്തിനും ഭക്തരെ സ്വീകരിക്കുന്നതിനുമുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു. 

വൈഷ്ണവ ഗണപതിയെ തൊഴുതു അനുഗ്രഹം നേടുന്നതിനായി കേരളത്തിലും പുറത്തും വിദേശത്തും നിന്നുളള വിശ്വാസികളുടെ സംഗമ ഭൂമിയായി ക്ഷേത്രം മാറുകയാണ്. കേരളത്തില്‍ എവിടെ നിന്നും മള്ളിയൂര്‍ ദര്‍ശനത്തിനായി ബജറ്റ് ടൂറിസം ഭാഗമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും. സമീപമുള്ള യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്ക് നേരത്തെ മുന്‍കൂട്ടി തന്നെ യാത്ര ക്രമീകരിക്കാനാവും. ട്രെയിന്‍ മാര്‍ഗം കുറുപ്പന്തറയില്‍ ഇറങ്ങിയും ക്ഷേത്രത്തില്‍ വേഗം എത്താന്‍ കഴിയും.

ഭക്തജനങ്ങള്‍ക്ക് സുഗമമായി തൊഴുന്നതിനായുളള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ മുന്‍വശം കരിങ്കല്‍ വിരിച്ച് ഭംഗിയാക്കി. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി മണ്ഡപം മുതല്‍ കിഴക്കേ ഗോപുരം വരെയുളള ക്ഷേത്രാങ്കണമാണ് കരിങ്കല്‍ പാകി നവീകരിച്ചത്. മഴയത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തൊഴാന്‍ പന്തലിന്‍റെ നിര്‍മാണവും പൂര്‍ത്തിയായതായി മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943