24 November, 2025 06:47:01 PM
കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ വിശുദ്ധപദവി പ്രഖ്യാപനം: 11-ാം വാര്‍ഷികം ആഘോഷിച്ചു

കോട്ടയം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ പതിനൊന്നാം വാർഷികാഘോഷം വളരെ വിപുലമായി നടന്നു. ആഘോഷത്തിന്‍റെ ഭാഗമായി നടന്ന തീർത്ഥാടനഘോഷയാത്ര തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ ആന്‍റണി ഇളംതോട്ടം ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. മാന്നാനം ആശ്രമ ദേവാലയത്തിൽ സി എം ഐ സഭയുടെ പ്രിയോർ ഫാ തോമസ് ചാത്തംപറമ്പിലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.
ചടങ്ങിൽ ചാവറ പിതാവിന്‍റെ സ്‌മരണാർത്ഥം ഫാ ഡോ ജെയിംസ് മുല്ലശേരി രചിച്ച ചാവറനാദം ആൽബത്തിന്‍റെ റിലീസ് തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് ഡോ ജോസി താമരശ്ശേരി നിർവഹിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ തീർത്ഥാടനഘോഷയാത്ര മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ആരംഭിച്ച് മാന്നാനം ആശ്രമ ദേവാലയത്തിൽ എത്തി സമാപിച്ചു.
തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് ഡോ ജോസി താമരശ്ശേരി സി എം ഐ, മാന്നാനം ആശ്രമധിപൻ ഡോ കുര്യൻ ചാലങ്ങാടി സി എം ഐ, കോർപ്പറേറ്റ് മാനേജരും കെ ഇ സ്കൂൾ പ്രിൻസിപ്പലുമായ ഡോ ജെയിംസ് മുല്ലശേരി സി എം ഐ, കെ ഇ റെസിഡൻസ് പ്രിഫക്ട് ഫാ ഷൈജു സേവ്യർ സി എം ഐ, കെ ഇ സ്കൂൾ ബർസാർ ഫാ ബിബിൻ തോമസ് സി എം ഐ, തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ മുപ്പതോളം സ്കൂളുകളിൽ നിന്നായി 5000 ത്തിലേറെ വിദ്യാർത്ഥികളും പങ്കെടുത്തു.
മാർഗംകളി വിശുദ്ധരുടെ വേഷങ്ങൾ കട്ട് ഔട്ടുകൾ, പ്ലോട്ടുകൾ തുടങ്ങി വർണാഭമായ വേഷമണിഞ്ഞ കുട്ടികളുടെ നീണ്ടനിര റാലിയിൽ അണിനിരന്നു. വിശുദ്ധപദവി വാർഷികാഘോഷത്തോടാനുബന്ധിച്ചു നടത്തിയ തീർത്ഥാടന ഘോഷയാത്ര മത്സരത്തിൽ എടവ ജവഹർ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും പുളിങ്കുന്ന് കെ ഇ കാർമൽ ഐ സി എസ് സി സ്കൂൾ രണ്ടാം സ്ഥാനവും, ചമ്പക്കുളം ഫാ തോമസ് പോരൂർക്കര സെൻട്രൽ സ്കൂൾ, സെന്റ് ജോസഫ്സ് യു പി സ്കൂൾ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



