15 September, 2025 09:08:32 PM
ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന്; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

പമ്പ : ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന്. പമ്പാതീരത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ രാവിലെ രജിസ്ട്രേഷനെ തുടർന്ന് പരമ്പരാഗത വാദ്യമേളങ്ങൾ ഉണ്ടായിരിക്കും. തുടർന്ന് 10 മണിക്ക് ആഗോള അയ്യപ്പ സംഗമത്തിന് തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രമുഖർ ആശംസകൾ നേരും. തുടർന്ന് സമീപന രേഖയുടെ അവതരണം നടക്കും.
സമീപനരേഖ സംബന്ധിച്ച ചർച്ച മൂന്ന് വേദികളിലായി നടക്കും. വേദി ഒന്നിൽ ശബരിമല മാസ്റ്റർ പ്ലാന്റെ അവതരണവും പാനൽ ചർച്ചയും നടക്കും. വേദി രണ്ടിൽ സ്പിരിച്വൽ ടൂറിസം സർക്യൂട്ട് ഇവ സംബന്ധിച്ചും വേദി മൂന്നിൽ ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും സംബന്ധിച്ചും ചർച്ചകൾ നടക്കും. ഉച്ച കഴിഞ്ഞ് അയ്യപ്പഭക്തിഗാനങ്ങൾ ഉൾപ്പെടുന്ന സംഗീത പരിപാടിയും ചർച്ചകളുടെ സമാഹരണവും നടക്കും. 3.50നാണ് സമാപന സമ്മേളനം. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.