30 July, 2025 09:46:44 AM
ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും ആഘോഷം

കോട്ടയം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും ആഘോഷം. കാര്‍ഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായാണ് നിറയും പുത്തരിയും ആഘോഷിക്കുന്നത്. കര്‍ക്കിട മാസത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് നിറയും പുത്തരിയും. നിറകതിര്‍ ക്ഷേത്ര മൂര്‍ത്തിക്ക് സമര്‍പ്പിച്ചശേഷം ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രങ്ങളോടെ പൂജ നടത്തും. ശ്രീ കോവിലിലും ഉപദേവതമാരുടെ ശ്രീ കോവിലിലും നിറയും പുത്തരിയും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്കു വിതരണം ചെയ്യും.
പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും ക്ഷേത്രങ്ങളില്‍ ഇതോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്. നിറയും പുത്തരിയും പ്രമാണിച്ച് അതിരാവിലെ തന്നെ ക്ഷേത്രങ്ങളില്‍ ദര്‍ശനം ആരംഭിച്ചു. നിറകതിരുമായി വീടുകളിലെത്തിയശേഷം അടുത്ത വര്‍ഷം വരെ സൂക്ഷിച്ചു വയ്ക്കുമെന്ന പതിവുമുണ്ട്. ശബരിമലയില്‍ ക്ഷേത്രം നിറയും പുത്തരിയും ആഘോഷത്തിനായി കഴിഞ്ഞ ദിവസം തുറന്നിരുന്നു
കൊയ്ത്ത് കഴിഞ്ഞു നെല്ല് അറയില്‍ ഇടുന്ന ചടങ്ങാണ് നിറ. വിളഞ്ഞു കിടക്കുന്ന കതിര്‍ക്കുലകള്‍ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പൂജിച്ച് അറയില്‍ നിറയ്ക്കുന്ന ചടങ്ങിന് ഇല്ലം നിറ എന്നും പറയുന്നു. നിറപറ വെക്കുന്നതിന്‍റ അടിസ്ഥാനതത്ത്വം 'നിറ' യില്‍ ഒളിഞ്ഞു കിടക്കുന്നു. നെല്‍ക്കതിരിന്‍റെ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ്, കാഞ്ഞിരം, കടലാടി, മുക്കുറ്റി, ശംഖുപുഷ്പം, മഞ്ഞള്‍ എന്നിവയുടെ ഇലകളും ചെറുചില്ലകളും ഇല്ലംനിറയ്ക്കായി ഒരുക്കി വെക്കാറുണ്ട്. പുതിയ അരി (പുന്നെല്ലരി) ആദ്യമായി ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്.