25 September, 2025 01:04:23 PM
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നൃത്തസംഗീതോത്സവത്തിന് തിരി തെളിഞ്ഞു

കാലടി : നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തി വരുന്ന 34 മത് നവരാത്രി ശാസ്ത്രീയ നൃത്തസംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തിക്കൊണ്ട് തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു. അഞ്ജനി സുമേഷ് പ്രഭു, സുമേഷ് മേനോൻ, ധനഞ്ജയൻ ഭട്ടത്തിരിപ്പാട്, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, എം പി നാരായണൻ, മൂഴിക്കുളം ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം കോതകുളങ്ങര ലാസ്യ നടന കലാകേന്ദ്രത്തിലെ നൃത്ത വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം നടന്നു. പൊയ്ക്കാട്ടുശ്ശേരി തപസ്യ സ്‌കൂൾ ഓഫ് ആർട്സിലെ നർത്തകരുടെ നൃത്താരാധനയും ഉണ്ടായിരുന്നു. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.
സംഗീതോത്സവത്തിൻ്റെ ഭാഗമായി 29 ന് വൈകീട്ട് ശ്രീ. ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും. 30 ന് രാവിലെ പ്രശസ്ത സംഗീത വിദ്വാൻ ശ്രീ. പട്ടാഭിരാമ പണ്ഡിറ്റ് ബംഗളൂരു അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. ഒക്ടോബർ 2 ന് വൈകീട്ട് പഞ്ചരത്നകീർത്തനത്തോടെ ക്ലാസിക്കൽ നൃത്ത-സംഗീതോത്സവത്തിന് തിരശീല വീഴും.
ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും, ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഭക്തജനങ്ങൾക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ലക്ഷാർച്ചനയും, ദുർഗ്ഗാ പൂജയും, മഹാ സരസ്വതി പൂജയും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച് സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ നെയ്യ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. രാവിലെ 5 മുതൽ 11 മണി വരെയും വൈകീട്ട് 5 മണി മുതൽ 9 വരെയുമാണ് ദർശന സമയം.



