19 September, 2025 08:29:42 PM
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി

നെടുമ്പാശ്ശേരി: ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നീണ്ട് നിൽക്കുന്ന നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 29 തിങ്കളാഴ്ചയാണ് പൂജവെപ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിലാണ് പുസ്‌തങ്ങൾ പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബർ 1 നും വിജയദശമി 2 നും ആണ്.
വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും വിദ്യാരംഭം നടന്നു വരുന്നു. വിജയദശമി ദിനത്തിൽ വിദ്യാരംഭം വിശേഷാൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ക്ഷേത്രത്തിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് ക്ഷേത്ര വെബ്‌സൈറ്റിൽ ലഭ്യമാണ്. ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം ചെയ്യുവാൻ സാധിക്കും. അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.
സെപ്റ്റംബർ 22 ന് വൈകീട്ട് തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി 34 -മത് നവരാത്രി ക്ലാസ്സിക്കൽ നൃത്തസംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണാ വാദനത്തോടെ സംഗീതോത്സവത്തിന് തുടക്കമാകും. തുടർന്ന് ശ്രീ. മൂഴിക്കുളം ഹരികൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും. 22 ന് വൈകീട്ട് ശ്രീ. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറും.
11 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ വിവിധ സംഗീത-നൃത്ത വിദ്യാലയങ്ങൾ, അൻപതോളം പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കും. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.
സംഗീതോത്സവത്തിൻ്റെ ഭാഗമായി 29 ന് വൈകീട്ട് ശ്രീ. ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും. 30 ന് രാവിലെ പ്രശസ്ത സംഗീത വിദ്വാൻ ശ്രീ. പട്ടാഭിരാമ പണ്ഡിറ്റ് ബംഗളൂരു അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. ഒക്ടോബർ 2 ന് വൈകീട്ട് പഞ്ചരത്നകീർത്തനത്തോടെ ക്ലാസിക്കൽ നൃത്ത-സംഗീതോത്സവത്തിന് തിരശീല വീഴും.
ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും, ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഭക്തജനങ്ങൾക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ലക്ഷാർച്ചനയും, ദുർഗ്ഗാ പൂജയും, മഹാ സരസ്വതി പൂജയും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച് സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ നെയ്യ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. രാവിലെ 5 മുതൽ 11 മണി വരെയും വൈകീട്ട് 5 മണി മുതൽ 9 വരെയുമാണ് ദർശന സമയം.
കേരള ക്ഷേത്ര സേവാ ട്രസ്റ്റിനുള്ള കീഴിലുള്ള ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെ സംബന്ധിച്ച് കേരള ക്ഷേത്ര സേവാ ട്രസ്റ് ചെയർമാൻ ശ്രീ. എം പി നാരായണൻ മൂത്തമനയും, ജനറൽ സെക്രട്ടറി ശ്രീ. പി ശശി കുമാറും, നവരാത്രി ആഘോഷം ജനറൽ കൺവീനർ ശ്രീ. കെ പി മനോജ് കുമാറും മാധ്യമങ്ങളെ അറിയിച്ചു.



