16 November, 2025 07:26:01 PM


മണ്ഡലകാല മഹോത്സവം; മള്ളിയൂരിൽ അയ്യപ്പ ഭക്തർക്കായി ഒരുക്കങ്ങൾ



കോട്ടയം : ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരുടെ മധ്യകേരളത്തിലെ പ്രധാന സംഗമഭൂമിയായ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം മണ്ഡല മഹോത്സവത്തിന് ഒരുങ്ങുന്നു. തീര്‍ഥാടന യാത്രയിലുളള പ്രമുഖ മഹാഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ നൂറുകണക്കിന് ഭക്തരാണ് മണ്ഡല മകരവിളക്ക് നാളുകളില്‍ തൊഴുതു മടങ്ങുന്നത്. മണ്ഡല മഹോത്സവകാലത്ത് പ്രത്യേക പൂജകള്‍ക്കും വഴിപാടുകള്‍ക്കും പുറമേ അയ്യപ്പഭക്തര്‍ക്ക് വേഗം ദര്‍ശനം നടത്തുന്നതിനുമുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.

മളളിയൂരിലെ മഹാപ്രസാദമൂട്ടാണ് ശബരിമല സീസണിലെ പ്രത്യേകത. മണ്ഡല കാലം ആരംഭിക്കുന്ന വൃശ്ചികം 1 മുതല്‍ മകരം 1 വരെ (നവമ്പർ 17 മുതൽ ജനുവരി 15 വരെ) പുലര്‍ച്ച ആറര മുതല്‍ രാത്രി 11.30 വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ബസുകള്‍ ഉള്‍പ്പടെ എല്ലാവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുളള വിശാലമായ സൗകര്യം, വിരിവെക്കാനുള്ള സൗകര്യം, കുളിമുറി, മറ്റ് ശൗചാലയ സൗകര്യങ്ങൾ, ആരോഗ്യ വകുപ്പിന്റെ സഹായ സഹകരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രാതലും, പ്രസാദ ഊട്ടും, അത്താഴവും അടങ്ങുന്നതാണ് മള്ളിയൂരിലെ മണ്ഡല- മകരവിളക്ക് അന്നദാനം. ദാനധര്‍മങ്ങളില്‍ സര്‍വ്വപ്രാധാന്യം അന്നദാനം' ആണെന്ന ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ വാക്കുകളാണ് രണ്ടു പതിറ്റാണ്ടിലധികമായി അന്നദാനം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുളള അനുഗ്രഹ ശക്തിയെന്ന് മളളിയൂര്‍ ദിവാകരന്‍ നമ്പൂതിരി അറിയിച്ചു.

ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തര എല്ലാവരും പ്രസാദമൂട്ടിൽ പങ്കെടുത്ത് മടങ്ങുക എന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ക്ഷേത്രത്തിൽ ദർശന സമയങ്ങളിലും ശബരിമല സീസണ്‍ കാലത്ത് വ്യത്യാസമുണ്ട്. രാവിലെ 4.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും, വൈകിട്ട് 4.30 മുതൽ 8.30 വരെ ക്ഷേത്ര ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മണ്ഡലകാല മഹോത്സവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590966606, 6282671793.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915