27 November, 2026 01:05:28 PM


'ചോരക്ക് ചോര'യെന്ന് പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്- എം വി ഗോവിന്ദന്‍



തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ ഭാഗമായുള്ള പ്രകോപനപരമായ പ്രസംഗങ്ങളെയോ സി.പി.എം. അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നവംബർ 20-ന് 'ചോരയ്ക്ക് ചോര' എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിഐ മധുസൂദനനെതിരെ കേസെടുക്കുന്നതിനേക്കാൾ മുൻപ് മുഖ്യമന്ത്രിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും എംവി ഗോവിന്ദൻ.

മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. "മുഖ്യമന്ത്രി കോൺഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 'ചോരയ്ക്ക് ചോര' എന്ന് പറയുമ്പോൾ ഒന്നിനെയും വിടാൻ പോകുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക് പോലും വികാരമില്ല," എംവി ഗോവിന്ദൻ വിമർശിച്ചു.

കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്ന് എംവി ഗോവിന്ദൻ ആവർത്തിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടി എന്ന നിലയിൽ സിപിഎം തങ്ങളുടെ നിലപാട് നേരത്തെ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. കൊലപാതകത്തിന് പകരം കൊലപാതകം എന്ന രീതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയ ആ നിലപാടിനൊപ്പമാണ് പാർട്ടി.

ഏതെങ്കിലും തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെയോ അതിന് അർത്ഥം വരുന്ന പദപ്രയോഗങ്ങളെയോ പാർട്ടി അനുകൂലിക്കുന്നില്ല. പാർട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായി വരുന്ന ഒന്നിനെയും അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. ടിഐ മധുസൂദനൻറെ പാർട്ടി തള്ളിപ്പറയുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ എല്ലാം കൃത്യമായി പറഞ്ഞു കഴിഞ്ഞെന്നും പാർട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഒന്നിനെയും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308