23 November, 2026 03:52:09 PM


നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി



തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 141 ദിവസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമരസമിതി ഭാരവാഹി എസ്. വളർമതി. ഭരണത്തിൽ ഇരിക്കുന്നവർ തങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുകയാണെന്നും വളർമതി വൈകാരികമായി പ്രതികരിച്ചു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നതെന്നും അവർ ആരോപിച്ചു. തന്റെ ആരോഗ്യം നശിക്കാൻ കാരണം സർക്കാരാണെന്ന് വളർമതി കുറ്റപ്പെടുത്തി. മരണത്തിലേക്ക് തള്ളിവിടുന്നതിന് സമമല്ലേ നിങ്ങൾ ഈ ചെയ്യുന്നത്? സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഈ ഗവൺമെന്റിനോട് ജനങ്ങൾക്ക് പുച്ഛം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇനി മരണത്തിലേക്ക് തള്ളിവിട്ടാലും ഇതിൽ നിന്ന് ഒരടി ഞാൻ പിന്നോട്ട് പോകില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി അവർ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണമെന്ന് പറയും. എന്നിട്ട് വീണ്ടും നിരാഹാരത്തിലേക്ക് തള്ളിവിടും. നിങ്ങൾ തമ്പ്രാന്മാരുമല്ല, ഞങ്ങൾ അടിമകളുമല്ല. എന്റെ ജീവന് ഉത്തരവാദി ഇവിടുത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ്. എന്റെ ജീവൻ പോവുകയാണെങ്കിൽ ഇവിടെ നിന്ന് പൊയ്ക്കോട്ടെ. ജീവന് വിലയില്ലാത്ത സർക്കാരാണെന്ന് ജനങ്ങൾ അറിയട്ടെ, വളർമതി പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 141 ദിവസങ്ങളിലേക്ക് കടന്നപ്പോൾ, സമരസമിതി കൺവീനറായ വളർമതി നടത്തുന്ന നിരാഹാര സമരം 28 ദിവസം പിന്നിട്ടു. എന്നാൽ, ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴും വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക എന്നതാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300