16 November, 2026 11:53:46 AM
ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രസനാധിപന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്. ലഡുവിൽ പൊതിഞ്ഞ സമാധാനം വരുത്തിയുള്ള ഏറും ഏറാണ്. സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് വിശ്വാസികളോട് മെത്രാപ്പോലീത്താ പറഞ്ഞു. മൂലേടം പള്ളിയിൽ നടന്ന പരിപാടിയിലാണ് കോൺഗ്രസിനും സർക്കാരിനുമെതിരെയുള്ള വിമർശനം രേഖപ്പെടുത്തിയത്. പാത്രിയർക്കീസ് ബാവയുടെ സന്ദർശനവേളയിൽ ഐക്യആഹ്വാനം ഉയർന്നെങ്കിലും ഓർത്തഡോക്സ്-യാക്കോബായ സമാധാന ചർച്ച ഉടനുണ്ടാകില്ല. വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായാൽ മാത്രമേ ചർച്ചകളിലേയ്ക്ക് നീങ്ങൂ.
ചർച്ചയ്ക്ക് സമയം വേണ്ടി വന്നേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇരുവിഭാഗത്തിന്റെയും കമ്മറ്റികൾ സ്വീകരിക്കണം. വിശ്വാസികളുടെ അഭിപ്രായം കൂടി തേടേണ്ടതുണ്ട്. കോടതിവിധിയെ മാനിച്ചുകൊണ്ടുള്ള ചർച്ചയ്ക്ക് മാത്രമേ ഓർത്തഡോക്സ് സഭ നിൽക്കൂ. പൂർണ്ണമായ വിട്ടുവീഴ്ചകൾക്ക് യാക്കോബായ വിഭാഗവും തയ്യാറായിട്ടില്ല. അതേസമയം, തുറന്ന മനസോടെ ഒരുമിച്ചുള്ള ചർച്ചകൾ തുടരണമെന്ന് പാത്രിയർക്കീസ് ബാവ പറഞ്ഞു. ആറ് ദിവസത്തെ കേരളാ സന്ദർശനത്തിന് ശേഷം പാത്രിയർക്കീസ് ബാവ സിറിയയിലെ ദമാസ്കസിലേക്ക് മടങ്ങി.



