21 November, 2026 12:56:30 PM
പത്മജ ഇപ്പോഴും സംഘപരിവാര്‍ സ്തുതി നടത്തുന്നു: ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ എതിർപ്പ് പരസ്യമാക്കി ദീപ്തി മേരി വർഗീസ്. വിഷയത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരം നേതൃത്വം പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പത്മജ ഇപ്പോഴും സംഘപരിവാർ സ്തുതി നടത്തുകയാണെന്നും, പലതും പ്രതീക്ഷിച്ചാണ് അവർ ബി.ജെ.പിയിലേക്ക് പോയതെന്നും ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. കോൺഗ്രസിലേക്ക് തന്നെയാണോ പത്മജ മടങ്ങിവരുന്നതെന്ന് ചോദ്യമുന്നയിച്ച ദീപ്തി മേരി വർഗീസ്, വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
പാർട്ടിയിലെ വനിതാ നേതാക്കളെയും പ്രവർത്തകരെയും അധിക്ഷേപിച്ചുകൊണ്ടാണ് പത്മജ കോൺഗ്രസ് വിട്ടതെന്നും അവർ ഓർമ്മിപ്പിച്ചു. ഇപ്പോഴും ബി.ജെ.പിയുടെ നിലപാടുകൾ ആവർത്തിക്കുകയാണെന്നും, കെ. കരുണാകരന്റെ മകൾക്ക് ഇത്തരത്തിൽ സംസാരിക്കേണ്ടി വന്നല്ലോ എന്നോർത്ത് സഹതാപം മാത്രമേയുള്ളൂവെന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച കാര്യത്തിൽ പാർട്ടി ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.



