18 November, 2026 04:46:54 PM
പന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പന്തളം: കുരമ്പാലയിൽ കാറും പാർസൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കോട്ടയം വടവാതൂർ സ്വദേശി ബോണിയ രാജേഷ് (45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വൃക്കരോഗിയായ ബോണിയയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയയാലിസിസിന് വിധേയമാക്കിയ ശേഷം അടൂരിലെ പെരിങ്ങനാടുള്ള വാടകവീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ പാർസൽ ലോറിയുമായി ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ബോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രാജേഷിനെ ഗുരുതര പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പന്തളം പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


