11 November, 2026 10:26:22 AM
തടികച്ചവടത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: നാലംഗ സംഘം പിടിയിൽ

ചെങ്ങന്നൂർ: തടികച്ചവടത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നാലംഗ സംഘം വെൺമണിയിൽ പോലീസ് പിടിയിൽ. ആളില്ലാത്ത പുരയിടങ്ങളിലെ മരങ്ങൾ സ്വന്തമാണെന്ന് വിശ്വസിപ്പിച്ച് തടി വ്യാപാരികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘമാണ് പിടിയിലായത്. ഒരു വനിത ഉൾപ്പെടെയുള്ള നാലംഗ സംഘത്തെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
ആൾതാമസമില്ലാത്ത പുരയിടങ്ങളിലെ മരങ്ങൾ തങ്ങളുടേതാണെന്ന് കാണിച്ച് വ്യാപാരികൾക്ക് വിറ്റ് പണം തട്ടിയ നാലംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂർ പുളിനിൽക്കുന്നതിൽ സതീഷ് (45),പത്തിയൂർ എരുവ പടിഞ്ഞാറ് കളരിവാതുക്കൽ പ്രജീഷ് കുമാർ (40),ചെറിയനാട് ചെറുവല്ലൂർ ഷിജു മൻസിലിൽ ഷിജു (31) ചെറിയനാട് ചെറുവല്ലൂർ പ്രഭാലയം രജനി (46) എന്നിവരാണ് വെൺമണി പോലീസിന്റെ പിടിയിലായത്.
വ്യാപാരികൾ മരം മുറിക്കാനായി എത്തിയപ്പോൾ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥർ എതിർപ്പുമായെത്തി. തുടർന്ന് വ്യാപാരികൾ പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ വ്യാജ ഇടപാടാണെന്ന് വ്യക്തമായതോടെ പോലീസ് പ്രതികളെ പിടികൂടി. ആലപ്പുഴ ജില്ലയിലെ മറ്റു പല സ്റ്റേഷൻ പരിധിയിലും പ്രതികൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെയും നിർദേശപ്രകാരം മാന്നാർ സർക്കിൾ ഇൻസ്പെക്ടർ അജീബ്, വെൺമണി എസ്.എച്ച്.ഒ അനന്തു, എ.എസ്.ഐ രാജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ചിത്ത്, സജികുമാർ, ശരത്ത്, സനൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.


