04 November, 2026 09:32:56 AM


അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ



പത്തനംതിട്ട:  അടൂര്‍ പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പള്ളിക്കലാണ് അറസ്റ്റിലായത്. ജൂലായ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യൂട്യൂബര്‍ രാജന്‍ ജോസഫിനെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.

രാജന്‍ ജോസഫിനെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടയുന്നതും സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.  പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രാജന്‍ ജോസഫിനെ രക്ഷിച്ച് പോലീസ് സ്റ്റേഷനുള്ളിലേക്ക് വലിച്ചുകയറ്റിയെങ്കിലും ശ്രീനാദേവി കുഞ്ഞമ്മ പോലീസ് സ്റ്റേഷനുള്ളില്‍ കയറി ലോക്കപ്പിന് മുന്നിലെത്തുകയും ലോക്കപ്പില്‍ കിടക്കുന്ന രാജന്‍ ജോസഫിനോട് രോഷത്തോടെ സംസാരിക്കുകയുമായിരുന്നു. 

സ്റ്റേഷന് പുറത്തെ പ്രതിഷേധം ഒഴിവാക്കാനാണ് ശ്രീനാദേവി കുഞ്ഞമ്മയെ പോലീസിന്റെ അനുമതിയോടെ ലോക്കപ്പിന് സമീപം എത്തിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂര്‍ണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. സംഭവത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911