05 November, 2026 09:04:34 AM
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. ഇവർക്കെതിരെ അതിക്രമിച്ചു കടക്കൽ വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിൽ പ്രതികളാണ്.
ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്ത സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ഡിജിപിയുടെ നിർദേശം.
എന്നാൽ പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനദേവി കുഞ്ഞമ്മയുടെ പരാതിയില്‍ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനിനിലെത്തി ആക്രമിച്ച ദൃശങ്ങൾ അടക്കം പുറത്ത് വന്നിരുന്നു.


