29 October, 2026 07:59:23 PM


പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ ക്വട്ടേഷൻ: 17കാരന് സഹപാഠികളുടെ ക്രൂരമർദനം



ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ക്ലാസ് മുറിയിൽ കയറ്റി സഹപാഠികൾ കൂട്ടത്തോടെ മർദിച്ച സംഭവത്തിന് പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യവും ക്വട്ടേഷനുമെന്ന് ആരോപണം. തന്നെ പ്രണയിക്കാതിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കാൻ സഹപാഠിയായ പെൺകുട്ടി ഒരു 19കാരന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥിയുടെ അമ്മ വെളിപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബർ 15നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പെൺകുട്ടിയും 19-കാരനും നൽകിയ നിർദേശപ്രകാരം സ്കൂളിലെ 16-ഓളം വിദ്യാർത്ഥികൾ ചേർന്ന് പതിനേഴുകാരനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മാരകമായി മർദിക്കുകയായിരുന്നു.

"കഴിഞ്ഞ 15-ാം തീയതിയാണ് മകനെ സ്കൂളിലെ ക്ലാസ് മുറിയിൽ കയറ്റി ഒരു കൂട്ടം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. മകന്റെ കൂടെ പഠിക്കുന്ന പെൺകുട്ടിയും ഒരു 19-കാരനും നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു. എന്നാൽ മകൻ അത് നിരസിച്ചതോടെയാണ് പകപോക്കാൻ ക്വട്ടേഷൻ നൽകിയത്. മകന്റെ തലയ്ക്കും മുഖത്തിനും പുറത്തുമായി ഗുരുതരമായ പരിക്കുകളുണ്ട്." - സംഭവത്തെക്കുറിച്ച് പരിക്കേറ്റ വിദ്യാർത്ഥിയുടെ അമ്മ പറയുന്നു. 

സംഭവത്തിന് പിന്നാലെ മർദനത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം അന്ന് വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആക്രമണ സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയിൽ നിന്ന് ക്വട്ടേഷൻ വിവരങ്ങൾ പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിക്കുന്നത്. സംഭവത്തിൽ പോലീസും സ്കൂൾ അധികൃതരും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913