06 November, 2026 10:40:33 AM


ഇൻസ്റ്റഗ്രാം കമന്‍റിന്‍റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ മർദനം



പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ മർദനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്‍റിട്ടുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം. അടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് ടു സയൻസ് വിഭാഗത്തിൽ പഠിക്കുന്ന അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്സിൽ പഠിക്കുന്ന 16കാരനെ ക്രൂരമായി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസിൽ നിന്നും വിളിച്ചിറക്കി സ്റ്റേജിന് പിന്നിലേക്ക് കൂട്ടി കൊണ്ടുപോയി മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചതായാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ശുചിമുറിയിൽ പൂട്ടി ഇട്ടതായും മർദനമേറ്റ കുട്ടി പറയുന്നു.

മർദനത്തിൽ മുഖത്തും പുറത്തും കാര്യമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ അധികൃതരാണ് അടൂർ പോലീസിൽ വിവരം അറിയിച്ചത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഭവം കണ്ട കുട്ടികളുടെ മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309