28 October, 2026 01:10:22 PM
ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് 16കാരൻ്റെ റീൽസ് ചിത്രീകരണം: 2 പേർക്കെതിരെ കേസ്

പത്തനംതിട്ട: പ്രായപൂർത്തിയാകാതെ ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച സംഭവത്തിൽ 16-കാരന്റെ അമ്മ ഉൾപ്പെടെ രണ്ടുപേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. പത്തനംതിട്ട എഴംകുളം സ്വദേശിയായ പതിനാറുകാരന്റെ മാതാവിനെതിരെയും, കൊല്ലം പാതിരിക്കൽ സ്വദേശിക്കുമെതിരെയാണ് കേസ്. കുട്ടി ഓടിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിന്റെ പേരിലുള്ള കാറും, കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബൈക്കുമാണ് വിദ്യാർത്ഥി നിയമവിരുദ്ധമായി റോഡിലിറക്കിയത്. അടൂർ, കൊടുമൺ മേഖലകളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ആഡംബര രീതിയിൽ കാറിൽ കറങ്ങിനടക്കുന്നതായി ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. വാഹനങ്ങൾ ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസുകളായി പോസ്റ്റ് ചെയ്തിരുന്നു.


