17 November, 2026 07:23:07 PM
കരീലക്കുളങ്ങരയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കായംകുളം: ദേശീയപാതയിൽ കരീലക്കുളങ്ങര മാളിയേക്കൽ പെട്രോൾ പമ്പിന് സമീപം ഓഡി കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഏവൂർ മുട്ടം സ്വദേശി ഖലീൽ (37) ആണ് മരിച്ചത്. ഹരിപ്പാട് ഹുദാ സ്കൂളിലെ ജീവനക്കാരനായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബുള്ളറ്റ് പൂര്‍ണമായും തകര്‍ന്നു. കായംകുളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബുള്ളറ്റും തെക്കുഭാഗത്തുനിന്ന് എത്തിയ ഓഡി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേശീയപാതയിലെ മാളിയേക്കൽ ജംഗ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം. ഇടിയുടെ ശക്തിയിൽ ബുള്ളറ്റിന്റെ എൻജിൻ ഭാഗം വേർപെടുകയും വാഹനം തകർന്നു തെറിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


