08 November, 2026 12:10:17 PM
തിരുവല്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

തിരുവല്ല: തിരുവല്ല ടി.കെ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. പുല്ലാട് ജംഗ്ഷന് സമീപം ഞായറാഴ്ച (നവംബർ 8) രാവിലെ ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. പുറമറ്റം കറ്റത്തിൽ വീട്ടിൽ മഹേന്ദ് കൃഷ്ണൻ ഓടിച്ചിരുന്ന സാന്റ്രോ സ്വിംഗ് കാറാണ് കത്തിനശിച്ചത്. പുറമറ്റത്തുള്ള വസതിയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ പുല്ലാടെത്തിയപ്പോൾ കാറിന്റെ ബോണറ്റിൽ നിന്ന് പെട്ടെന്ന് പുകയും തീയുമുയരുകയായിരുന്നു.
തുടർന്ന് മഹേന്ദ് കൃഷ്ണൻ ഉടൻ തന്നെ വാഹനം പാതയോരത്ത് നിർത്തി പുറത്തേക്കിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. മഹേന്ദ് പുറത്തിറങ്ങിയ നിമിഷങ്ങൾക്കകം തന്നെ തീ കാറിന്റെ ഉള്ളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിക്കുകയായിരുന്നു.


