11 November, 2026 01:52:16 PM


ഇനി എന്ത് മാപ്പപേക്ഷ; വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞു, ഇനിയും അരിശം തീര്‍ന്നില്ലേ?- ഹൈക്കോടതി



കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും വിസിയോട് കോടതി ചോദിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ കവിത ഉദ്ധരിച്ചാണ് ഹൈക്കോടതി പരാമര്‍ശം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ വെള്ളിയാഴ്ച നടക്കും.

ഇനിയും അരിശം തീര്‍ന്നില്ലേ എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതയാണ് വിഷയത്തില്‍ ഹൈക്കോടതി ഉദ്ധരിച്ചത്. ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ എന്തൊക്കെ ചെയ്തിരുന്നുവെന്നും 60 ദിവസം പുറത്ത് നിര്‍ത്തിയത് പോരെ എന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ ചെയ്തത് ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ അവര്‍ 60 ദിവസം ബുദ്ധിമുട്ട് നേരിട്ടു, പരീക്ഷ എഴുതാനും പറ്റിയില്ല, അത് പോരെ എന്നാണ് ചോദ്യം.

ഇനിയെന്തിനാണ് മാപ്പ്, അച്ചടക്ക നടപടി കഴിഞ്ഞില്ലേയെന്ന് കോടതി ചോദിച്ചു. വൈസ് ചാന്‍സലറെ കയ്യേറ്റം ചെയ്തു, മറ്റ് പ്രതിഷേധങ്ങള്‍ നടത്തിയെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കേസെടുത്തു. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. ഇതെങ്ങനെ രണ്ടു കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടു സംഭവത്തിലാണ് കേസെടുത്തതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി നീട്ടിക്കൊണ്ടു പോകുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

16 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുക, പരീക്ഷ എഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ഹര്‍ജിയാണ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചത്. പരീക്ഷ എഴുതാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും, 60 ശതമാനം ഹാജര്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാപ്പെഴുതി നൽകിയാൽ 12 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദേശം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952