06 October, 2026 12:57:58 PM
ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്; ഏലത്തൈകളും ഫെൻസിങ്ങും നീക്കി

ഇടുക്കി: ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ നടന്ന വ്യാപ്തിയേറിയ ഭൂമി കയ്യേറ്റം വനംവകുപ്പ് വിജയകരമായി ഒഴിപ്പിച്ചു. പത്ത് ഹെക്ടറോളം വരുന്ന വനഭൂമിയിലാണ് അഞ്ച് പേർ ചേർന്ന് അനധികൃതമായി കൃഷി നടത്തിയിരുന്നത്. ദേവികുളം റേഞ്ച് ഓഫീസറുടെയും ചിന്നക്കനാൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്. വനഭൂമിയിലെ അടിക്കാടുകൾ വെട്ടിത്തെളിച്ച് നട്ടുപിടിപ്പിച്ചിരുന്ന ഏലത്തൈകൾ വനംവകുപ്പ് ജീവനക്കാർ പൂർണ്ണമായും പറിച്ചു നീക്കി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത തടസ്സപ്പെടുത്തുന്ന രീതിയിൽ ഉറപ്പിച്ചിരുന്ന ഫെൻസിങ് അഴിച്ചുമാറ്റി. ചിന്നക്കനാൽ റിസർവിനായി മാറ്റിവെച്ചിട്ടുള്ള ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ ആകെ 56.36 ഹെക്ടർ ഭൂമിയാണുള്ളത്. ഇതിൽ നിന്നാണ് 10 ഹെക്ടറോളം വനഭൂമി കയ്യേറിയത്.


