16 October, 2026 06:58:30 PM


പത്തു വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ, തിരിച്ചു കിട്ടുമ്പോഴാണ് വേദനയറിയുന്നത്- കെ. മുരളീധരൻ



തിരുവനന്തപുരം: പത്തു വർഷത്തോളം ആരോഗ്യ വകുപ്പിനെ നിരന്തരം വിമർശിച്ച തനിക്ക്, വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ് ആ വിമർശനങ്ങൾ നേരിടുന്നതിന്റെ യഥാർത്ഥ വേദന മനസ്സിലായതെന്ന് തുറന്നുപറഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ യുവ ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കല്ലെറിയുന്നവർക്ക് സുഖമാണ്. കാരണം 10 വർഷം ഞാനും സുഖമായിട്ട് കല്ലെറിഞ്ഞ ഒരാളാണ്. പക്ഷേ ആ ഏറ് ഇങ്ങോട്ട് കിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാവുക.' - മന്ത്രി പറഞ്ഞു. ചികിത്സാപിഴവ് ആരോപണങ്ങളും മരുന്നുകളുടെയും സൗകര്യങ്ങളുടെയും കുറവുകളും കൊണ്ട് നിരന്തരം ജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിലുള്ള ഒന്നാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.

"നിങ്ങൾ ഡോക്ടർമാരായി ജോലിയിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നേരെ കല്ലെറിയാൻ പത്തുപേരുണ്ടാകും. കല്ലെറിയുന്നവർക്ക് അത് വളരെ എളുപ്പമുള്ള കാര്യമാണ്. കഴിഞ്ഞ പത്തു വർഷം ഞാനും സുഖമായി കല്ലെറിഞ്ഞ ഒരാളാണ്. എന്നാൽ ആ കല്ലേറ് സ്വന്തം ദേഹത്ത് വന്ന് വീഴുമ്പോഴാണ് അതിന്റെ വിഷമവും ബുദ്ധിമുട്ടും നമ്മൾ തിരിച്ചറിയുന്നത്," മന്ത്രി പറഞ്ഞു.

എത്ര ആത്മാർത്ഥമായി ജോലി ചെയ്താലും വിമർശനങ്ങളും പരാതികളും നേരിടേണ്ടി വരും. പ്രത്യേകിച്ചും ചികിത്സാപിഴവ് വാർത്തകൾക്ക് വലിയ വിപണിമൂല്യമുള്ള ഈ കാലഘട്ടത്തിൽ അത് സ്വാഭാവികമാണ്. എന്നാൽ പിഴവുകൾ ഉണ്ടായാൽ അത് മറച്ചുവെക്കാൻ ശ്രമിക്കാതെ സുതാര്യത പാലിക്കണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ഡോക്ടർമാരെ ഓർമ്മിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K