02 November, 2026 04:54:20 PM
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം. 35 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. വകുപ്പ് മന്ത്രിമാരുടെ നിര്‍ദേശത്തിന് അനുസരിച്ചാണ് മാറ്റം. വിവാദ വകുപ്പുകളായ വൈദ്യുതി വകുപ്പില്‍ കെഎസ്ഇബി ചെയര്‍മാനെയും ആരോഗ്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും മാറ്റി. കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്തിനാണ് പുതിയ ചുമതല. കായിക വകുപ്പിന്റെ പ്രത്യേക ചുമതലയ്ക്ക് പുറമെയാണിത്. ആരോഗ്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്റെ പൂര്‍ണ്ണ അധിക ചുമതലയും ഉണ്ട്.
കെ ആര് ജ്യോതിലാല്‍ ഐഎഎസിനെ ഫിനാന്‍സ്, ടാക്സ് തുടങ്ങിയ വകുപ്പുകളുടെ ചുമതലകളില്‍ നിന്ന് മാറ്റി ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കൂടാതെ ജലവിഭവം, ഹൗസിങ്, കയര്‍ (വ്യവസായം) വകുപ്പുകളുടെ പൂര്‍ണ്ണ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. പുനീത് കുമാര്‍ ഐഎഎസിനെ ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റി പവര്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
മിന്‍ഹാജ് ആലം ഐഎഎസ് ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളില്‍ നിന്ന് മാറ്റി ഫിനാന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കൂടാതെ നികുതി വകുപ്പ്, പബ്ലിക് പ്രൊക്യൂര്‍മെന്റ് അഡ്വൈസറി വകുപ്പ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ചെയര്മാന് എന്നീ ചുമതലകളും നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസ് വ്യവസായം, റവന്യൂ (വഖഫ്) വകുപ്പുകളില്‍ നിന്ന് മാറ്റി ആരോഗ്യ & കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, റവന്യൂ (വഖഫ്), മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പുകളുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
ഡോ. എം ബീന ഐഎഎസ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റു. അനുപമ ടിവി ഐഎഎസിനെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് മാറ്റി ഫിനാന്‍സ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. രണ്ടാഴ്ചക്കിടെ അനുപമയുടെ രണ്ടാമത്തെ സ്ഥലംമാറ്റമാണിത്. ഡോ വീണ എന്‍ മാധവന് ഐഎഎസ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് മാറ്റി കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി ബി നൂഹ് ഐഎഎസ് ജിഎസ്ടി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റി തൊഴില്‍ വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. സുഹാസ് എസ് ഐഎഎസ് ജലവിഭവം, ഹൗസിങ് വകുപ്പുകളില്‍ നിന്ന് മാറ്റി ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ശ്രീറാം സാംബശിവ റാവു ഐഎഎസ് എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തോടൊപ്പം പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രത്യേക സെക്രട്ടറിയായി മാറ്റി നിയമിച്ചു.



