06 November, 2026 10:10:52 AM


ചിറയിൻകീഴ് കൈയാങ്കളി വിവാദം: പാളയം പ്രദീപിനെ തിരിച്ചെടുത്തു



ചിറയിൻകീഴ്: കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴ് കൈയാങ്കളി വിവാദത്തിൽ സസ്പെൻഷനിലായ കെപിസിസി അംഗം പാളയം പ്രദീപിനെയും ചിറയിന്‍കീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ് സജാദിനെയും കോണ്‍ഗ്രസ് തിരിച്ചെടുത്തു. രമ്യാ ഹരിദാസ് പങ്കാളിയായ സംഭവത്തിലെ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായാണ് നടപടി. സജാദ് അടക്കമുള്ളവർക്കെതിരെ രമ്യാ ഹരിദാസ് നൽകിയ പരാതി പിന്‍വലിക്കാനും തീരുമാനമായി. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്‍റിനെ കണ്ടാണ് രമ്യാ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.


സംഭവത്തില്‍ രമ്യാ ഹരിദാസിനെ പരമാവധി സംരക്ഷിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എംഎൽഎ.


സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു. പാളയം പ്രദീപ് നേരത്തേ മുതൽ തന്‍റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്‍റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് മുന്നിൽ രമ്യ ഹരിദാസ് വഴങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916