03 November, 2026 05:48:41 PM
മീനങ്ങാടി സ്കൂളിലെ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

മീനങ്ങാടി: വയനാട് മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ ഉത്തരവിന് താൽക്കാലിക സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ അനുവദിച്ചത്. ചട്ടം പാലിച്ചാണ് വിനോദ യാത്ര പോയതെന്ന് ഷിവി കൃഷ്ണൻ വാദിച്ചു. വിനോദ യാത്രക്ക് രണ്ടരമാസം മുമ്പ് തന്നെ ആർഡിഡിയിൽ നിന്ന് അനുമതി തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളിലെ 135 വിദ്യാർത്ഥികളുമായി ഹൈദരാബാദിലേക്ക് നടത്തിയ വിനോദ യാത്രയുടെ പശ്ചാത്തലത്തിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ടൂറിൽ ഒപ്പമുണ്ടായിരുന്ന പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ്യപിച്ചു എന്ന തരത്തിൽ ആരോപണം ഉയർന്നു. സ്കൂളിനു മുന്നിൽ വലിയ പ്രതിഷേധം ഉയരുകയും ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. എന്നാൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
വിനോദയാത്രക്ക് ആർഡിഡിയുടെ അനുമതി തേടിയില്ല, മൂന്ന് ദിവസം കൊണ്ട് തീരേണ്ട യാത്ര അഞ്ച് ദിവസത്തേക്ക് നീട്ടി, രാത്രി യാത്ര നടത്തി എന്നിങ്ങനെ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്. ഇത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് കോടതിയുടെ നിർണായക തീരുമാനം. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രണ്ടുദിവസമായി പഠിപ്പുമുടക്കി പ്രതിഷേധിക്കുകയാണ്.



