30 October, 2026 07:03:01 PM
ചേരാനല്ലൂര്‍ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്. ബന്ധുക്കളെ കണ്ട് ആശ്വാസ വാക്കുകള്‍ പങ്കുവച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി പറഞ്ഞു. ഹൈബി ഈഡന് എംപി, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
17കാരന്റെ ജാമ്യം റദ്ദാക്കാൻ അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് നൽകിയ അപ്പീലിലാണ് ഗുരുതര പിഴവുണ്ടായത്. പ്രായപൂർത്തിയാകാത്തയാളുടെ പേര് വിരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷൻ അപ്പീൽ. ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപ്പീലിലും കുട്ടിയുടെ പേര് വിവരങ്ങളടങ്ങിയിരുന്നു. ഇങ്ങനെയാണോ അപ്പീൽ നൽകുന്നത് എന്ന് കോടതി ചോദിച്ചു. ജെജെ ആക്ട് പ്രകാരം രണ്ട് വർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പേര് വിവരങ്ങൾ ഒഴിവാക്കി പുതിയ അപ്പീൽ നൽകാൻ നിർദ്ദേശം നൽകി. നാളെ കേസ് വീണ്ടും പരിഗണിക്കും.
ചേരാനെല്ലൂര്‍ അപകടത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകള്‍ ഏറെ വിവാദമായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച 17 കാരനെയും പിതാവായ ജഡ്ജിയെയും രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായി എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നു സമ്മതിച്ചു. തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും, അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റുകയും ചെയ്തിരുന്നു.



