30 October, 2026 12:29:01 PM
ജഡ്ജി എന്നെ വിളിച്ചിട്ടില്ല, ഇതുപറയാൻ എനിക്കൊരു വേദി കിട്ടില്ല- കാളിരാജ് മഹേഷ് കുമാർ

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച വാഹനം ഇടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍, പ്രതിയുടെ പിതാവായ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട കാളിരാജ് മഹേഷ് കുമാര്‍. ഇനി ഒരു അവസരം ലഭിക്കില്ല എന്നതിനാലാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസ് തുടങ്ങിയിട്ട് ഇതുവരെ പുറത്തു നിന്നും ആരും എന്നോട് സംസാരിച്ചിട്ടില്ല. അദ്ദേഹവുമായി ഒരു ഇടപാടും നടത്തിയിട്ടില്ല. ഇതു പറയാന്‍ വേണ്ടി വേറെ വേദി കിട്ടില്ല എന്നതിനാലാണ് ഇക്കാര്യം പറയുന്നത്. കേസ് അന്വേഷണം തെളിവിന്റെ അടിസ്ഥാനത്തില്‍ പോയിട്ടുണ്ട്. അതങ്ങനെ തന്നെ മുന്നോട്ടു പോകും. ജഡ്ജിയും വേറെ ആരും എന്നെ വിളിച്ചിട്ടില്ല. അത് തുറന്നു പറയുകയാണ്. കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.
ജഡ്ജി വിളിച്ചിട്ടില്ല എന്നതാണ് സത്യം. ഏതു കാര്യങ്ങളില്‍ തന്നെ വിളിക്കാന്‍ പറ്റുമെന്ന് എല്ലാവര്‍ക്കും അറിയാം. കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെയോ മറ്റാരുടെയോ റിക്വസ്റ്റ് എവിടെ നിന്നും വന്നിട്ടില്ല. അത്തരത്തില്‍ നിയമപരമല്ലാത്ത അഭ്യര്‍ത്ഥന വന്നാല്‍ അത് ഏല്‍ക്കാന്‍ താന്‍ ആളല്ല. സ്ഥലംമാറ്റം വേറെ കാര്യമാണ്. ഇത് സര്‍വീസിലുള്ള കാര്യമാണ്. സ്ഥലംമാറ്റത്തില്‍ ഒരു വിഷമവുമില്ല. സര്‍ക്കാര്‍ സര്‍വീസിലുള്ള പൊലീസുകാരനാണ്. സ്ഥലംമാറ്റം ജോലിയുടെ ഭാഗമാണെന്നും കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.
ചേരാനെല്ലൂര്‍ വാഹനാപകടക്കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെ സ്ഥലംമാറ്റിയത്. പകരം നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.



