05 October, 2026 10:40:27 AM
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കാപ്പാ കേസ് പ്രതി സുഗതന്റെ വ്യാജ ഒപ്പ്

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യജ ഒപ്പിട്ടെന്ന പരാതിയില്‍ സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നു. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തി എസ്ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതിയിലുള്ളത്. ഇത് വ്യക്തമാക്കുന്ന രജിസ്റ്റര്‍ തെളിവുകളും സിപിഐഎം പുറത്തുവിട്ടിട്ടുണ്ട്. ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും പരാതി നല്‍കി. മുമ്പ് തന്നെ സിപിഐഎം സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ വിവരാവകാശ രേഖ കൂടി ലഭിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.


