22 October, 2026 07:44:55 PM
അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

കൊച്ചി: നടൻ ബാലു വർഗീസിനെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതിയുടെ വക്കീൽ നോട്ടീസ്. നീന്തൽക്കുളത്തിൽവെച്ച് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലാണെന്ന് യുവതിയെ ഉദ്ധരിച്ച് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. സംഭവം അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഉടൻതന്നെ ഇതിനെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്നും യുവതി ആരോപിച്ചു.
താൻ ഉറച്ചുനിന്നതോടെ ബാലു ക്ഷമ ചോദിച്ചെന്നും പിന്നീട് ഭർത്താവിനോട് സംഭവം വിശദീകരിച്ചെന്നും യുവതി പറഞ്ഞു. അടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചപ്പോൾ കൈ അബദ്ധത്തിൽ തട്ടിയതാണെന്നായിരുന്നു വിശദീകരണം. എന്നാൽ വളരെ ബലമായാണ് ശരീരത്തിൽ പിടിച്ചതെന്നും അതിനാൽ അബദ്ധമാകാൻ സാധ്യതയില്ലെന്നുമാണ് പരാതിക്കാരിയുടെ വാദം. അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളുമായി പങ്കുവെച്ചപ്പോഴാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായവരുണ്ടെന്ന് മനസ്സിലായതെന്നും ഇതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
ബാലു വർഗീസിൽനിന്ന് മോശം അനുഭവമുണ്ടായതായി മറ്റ് സ്ത്രീകളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ മോശമായി പെരുമാറിയെന്നാണ് മറ്റൊരു യുവതിയുടെ ആരോപണം. ആളുകൾ ചുറ്റുമുണ്ടായിരുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്നും അവർ പറയുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത മറ്റൊരു ചടങ്ങിലും ബാലു അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. വിസമ്മതിച്ചിട്ടും പിന്മാറിയില്ലെന്നും, "തന്നെ ഭയമാണോ" എന്ന് ബാലു ചോദിച്ചതായും യുവതി വെളിപ്പെടുത്തി. അതേ ചടങ്ങിൽ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന ആരോപണവുമായി മറ്റൊരു സ്ത്രീയും രംഗത്തെത്തിയിട്ടുണ്ട്.



