07 November, 2026 12:39:29 PM
ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ

കൊച്ചി: കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിന്റെ ഫോണില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. 12 സ്ത്രീകള്‍ക്കൊപ്പമുള്ള ഇയാളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ, കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടോ ഫോണില്‍ നിന്ന് എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ,എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
പരാതിക്കാരി തന്നെ ഇയാളുടെ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മദ്യം നല്‍കി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു. പരാതികള്‍ വരുന്നതിന് അനുസരിച്ച് കൂടുതല്‍ കേസുകളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടിയും ബിബിനും ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ചേര്‍ന്ന് വൈറ്റിലയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടര്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നായിരുന്നു പരാതിയില്‍ ഡോക്ടര്‍ ചൂണ്ടിക്കാട്ടിയത്. മുറിയില്‍ പൂട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു.
നടിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്‌ളാറ്റില്‍ പോയത്. രോഗിയെ ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനമെന്നും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു. ഡോക്ടറുടെ പരാതിയില്‍ നടി, നടന്‍ ബിബിന്‍ പെരുമ്പിള്ളി അടക്കം മൂന്ന് പേരെ കടവന്ത്ര പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് നടിയുടെ ബന്ധു പരാതിയുമായി പൊലീസിനെ സമീപിച്ചത്.



