10 November, 2026 06:13:15 PM


ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്; ഓണറേറിയം 21,000 രൂപ നല്‍കണമെന്ന് ആവശ്യം



തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനം പൂർണ്ണമായും നടപ്പിലാക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ ഇൻസെന്റീവ് വിതരണത്തിലെ കുടിശ്ശിക തീർക്കുക, മെഡിക്കൽ ലീവ് ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നേരത്തെ 265 ദിവസത്തിലധികം നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു. 2026 മെയ് മാസത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവ് വരുത്തി 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935