25 October, 2026 07:14:01 PM


ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം



കൊച്ചി: ചേരാനെല്ലൂരില്‍ ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ച അപകടത്തില്‍ അഡീഷണല്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയില്ല. കേസില്‍ വാഹന ഉടമയെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു അശ്രദ്ധമായും അപകടകരമായും കാര്‍ ഓടിച്ച പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്.

വാഹനം ഓടിക്കാനുള്ള കൊതി കൊണ്ടാണ് അച്ഛന്റെ ആഡംബര കാര്‍ എടുത്തതെന്ന് പതിനേഴുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആലുവയിലെ ഫ്‌ലാറ്റില്‍നിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു. ചേരാനല്ലൂരില്‍ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴകാരണം ജയബാലകൃഷ്ണന്റെ സ്‌കൂട്ടര്‍ കണ്ടില്ല. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് വീട്ടുകാര്‍ കണ്ടില്ല. വെറുതേ കറങ്ങാന്‍ ഇറങ്ങിയതാണെന്നും പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു.

വാഹനാപകടത്തിന്റെ കേസാണ് നിലവില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ രക്ത സാംപിള്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായാല്‍ മറ്റു വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട അഡീഷനല്‍ ജഡ്ജിയുടെ മകനാണ് പിടിയിലായ പതിനേഴുകാരന്‍.

അതേസമയം ജയബാലകൃഷ്ണന്റെ കുടുംബം കേസില്‍ അട്ടിമറി ആരോപിച്ചു. സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ തങ്ങളോട് ജഡ്ജി കയര്‍ത്ത് സംസാരിച്ചെന്നും ബന്ധു വ്യക്തമാക്കി. 17 കാരന്റെ ഫോട്ടോ എടുത്തപ്പോള്‍ അത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ തനിക്ക് പ്രശ്നം ആകുമെന്നും പൊലീസ് പറഞ്ഞതായും ബന്ധു ആരോപിച്ചു. തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. വെള്ളക്കെട്ട് ഉണ്ടായതുകൊണ്ടാണ് അപകടം നടന്നതെന്ന് ജഡ്ജി പറഞ്ഞു. എന്നാല്‍ കണ്ടൈനര്‍ റോഡില്‍ ഒരു വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകി പോകാന്‍ സ്ഥലമുള്ള ഇടത്താണ് അപകടം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929