05 October, 2026 03:55:27 PM
തലസ്ഥാനത്തെ സംഘർഷം; കന്റോൻമെന്റ് സിഐയും എസ്ഐയും അവധിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്‌എഫ്‌ഐ പ്രവർത്തകരുമായുള്ള പരസ്യ പോരിനും തർക്കങ്ങൾക്കും പിന്നാലെ കന്റോൺമെന്റ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചു. കന്റോൺമെന്റ് സിഐ സതീഷ് കുമാർ, എസ്ഐ ജി. ഗോകുൽ ഗോപാൽ എന്നിവരാണ് അവധിയിൽ പോയത്.
സംഭവം വലിയ വിവാദമായതോടെ സിറ്റി പോലീസ് കമ്മീഷണർ ഇരു ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എന്നാൽ, നടപടിയുടെ ഭാഗമായല്ല ഉദ്യോഗസ്ഥർ മാറിനിൽക്കുന്നതെന്നാണ് പോലീസ് അധികൃതരുടെ വിശദീകരണം. സിഐ സതീഷ് ഒരു ദിവസത്തെ സാധാരണ അവധിയിലാണ് പ്രവേശിച്ചിരിക്കുന്നതെന്നും, എസ്ഐ ഗോകുൽ ഗോപാലിനെ പരിശീലനത്തിനായി അയച്ചതാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
മുൻപ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന നാർക്കോട്ടിക് സിഐ ഷാഫിക്കാണ് നിലവിൽ കന്റോൺമെന്റ് സ്റ്റേഷന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തിവീശിയ സംഭവത്തോടെയാണ് കന്റോൺമെന്റ് പോലീസും വിദ്യാർത്ഥി സംഘടനയും തമ്മിൽ പോര് രൂക്ഷമായത്.


