10 November, 2026 10:44:38 AM


സ്ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല; 56കാരൻ്റെ കാൽ മുറിച്ചു മാറ്റി, പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം



എറണാകുളം: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നൽകാത്തതിനാൽ, രോഗിയുടെ കാല് മുറിച്ചുമാറ്റേണ്ടി വന്നതായാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറിനാണ് കാല് നഷ്ടപ്പെട്ടത്. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചിരുന്നതായതും ചികിത്സപ്പിഴവിന് പരിഹാരം ഉണ്ടാക്കാം എന്ന സൂപ്രണ്ടിന്റെ ഉറപ്പ് പാലിച്ചില്ലെന്നും പരാതിയിൽ അബ്ദുൾ ജബ്ബാർ പറഞ്ഞു.വിചിത്ര ന്യായങ്ങളാണ് സൂപ്രണ്ട് പറഞ്ഞതെന്നും പരാതിയിൽ ആരോപിക്കുന്നു. 

പഠിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറുടെ ഭാവി ഓർക്കണമെന്ന് പറഞ്ഞ സൂപ്രണ്ട് പിന്നീട് കൃത്രിമ കാല് വെയ്ക്കാനുള്ള സഹായം ചെയ്യാമെന്ന് പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു. മരുന്ന് ശരീരത്തിൽ ഏൽക്കാത്തതുകൊണ്ടാണ് വേദനയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. രണ്ട് തവണ വേദനയുമായി പോയിട്ടും മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അസഹ്യമായ കാലുവേദനയെ തുടർന്നാണ് അബ്‌ദുൾ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്. വേദന മാറുന്നതിനുള്ള മരുന്ന് ആദ്യം നൽകി വീട്ടിലേക്ക് വിട്ടു. വേദന മാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും അപ്പോഴും വേദന സംഹാരി മാത്രമാണ് നൽകിയത്. പിന്നീട് ജൂലൈ 27ന് പറവൂർ താലൂക്ക് ആശുപത്രിയിലെ തന്നെ സർജ്ജനെ കാണുമ്പോഴാണ് ചലന ശേഷി നഷ്ട്ടപ്പെട്ടെന്നും അബ്‌ദുൾ ജബ്ബാർ അറിയുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുകയും കാലുകൾ മുറിച്ചു മാറ്റുകയും ആയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945