12 October, 2026 12:34:27 PM
കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്- പിണറായി വിജയൻ

തിരുവനന്തപുരം: അടൂരിൽ നടന്ന സംഘർഷങ്ങളിൽ പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ. കോൺഗ്രസിൽ ഇല്ലാത്ത ഒരാളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്നും, ഇയാൾ പൊലീസ് ജീപ്പിൽ കയറി ആക്രമണം നടത്തിയിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരെ കയറി ആക്രമിച്ച ശേഷം, ആക്രമണത്തിനിരയായവർക്കെതിരെ തന്നെ പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ വ്യാപകമായ അതിക്രമമാണ് നടന്നത്. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് വരെ യൂത്ത് കോൺഗ്രസ് തടഞ്ഞു. ജനറൽ ആശുപത്രിയിൽ രോഗികളെയും തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ മുഖ്യമന്ത്രിയായിരിക്കെ തൻറെ ഗൺമാൻ അനിൽകുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിട്ടുണ്ട്. അനിൽകുമാറിന്റെയും സന്ദീപിന്റെയും വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. യൂത്ത് കോൺഗ്രസ് ആക്രമണവും പൊലീസ് ആക്രമണവും ഒരു തരത്തിലും നടക്കാൻ പാടില്ലാത്തതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അങ്ങനെ ആക്രമണം ഉണ്ടായപ്പോഴാണ് തങ്ങൾക്ക് അവിടേക്ക് പോകേണ്ടിവന്നത്.
എന്നാൽ മന്ത്രിമാർ തന്നെ നേരിട്ട് ആക്രമണങ്ങൾക്ക് നേതൃത്വം നൽകി പോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. അടൂരിൽ നൈറ്റ് മാർച്ചിനിടയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റു. അക്രമത്തിന് നേതൃത്വം നൽകിയ വ്യക്തി പറയുന്നത് മാത്രമാണ് പൊലീസ് കേൾക്കുന്നത്. ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിച്ചു. എന്തിനാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുമ്പിൽ നിന്ന് സമരത്തിന്റെ തുടക്കം തീരുമാനിച്ചതെന്ന് പിണറായി വിജയൻ ചോദിച്ചു.



