06 November, 2026 10:17:07 PM


കൊല്ലത്ത് മിന്നലേറ്റ് നാല് കറവപ്പശുക്കളും പശുക്കുട്ടിയും ചത്തു



അഞ്ചാലുംമൂട്: മിന്നലേറ്റ് നാല് കറവപ്പശുക്കളും ഒരു പശുക്കുട്ടിയും ചത്തു. കടവൂർ കണ്ണമ്പലത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായരുടെ തൊഴുത്തിലുണ്ടായിരുന്ന പശുക്കളാണ് വെള്ളിയാഴ്ച വൈകിട്ട് നാലോടെ ചത്തത്. സംഭവസമയത്ത് ഉണ്ണിക്കൃഷ്ണൻ നായർ കറവ കഴിഞ്ഞ് പാലുമായി കടവൂർ ക്ഷീരസംഘത്തിലേക്ക് പോയിരിക്കുകയായിരുന്നു. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മിന്നലേറ്റതിനെത്തുടർന്ന് പശുക്കൾ ബഹളംവെച്ചതായും പിന്നാലെ ചത്തുവീഴുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

വിവരമറിഞ്ഞ് ജില്ലാ വെറ്ററിനറി ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ ഡോക്ടർമാരും ഉദ്യോഗസ്ഥരും ക്ഷീരവികസന വകുപ്പിലെ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പശുക്കളുടെ പോസ്റ്റ്മോർട്ടം ശനിയാഴ്ച രാവിലെ നടത്തും. കടവൂർ ക്ഷീരസംഘം ഭരണസമിതി അംഗമായ ഉണ്ണിക്കൃഷ്ണൻ നായർ മികച്ച കർഷകനും ക്ഷീരകർഷകനുമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അഞ്ച് കന്നുകാലികളെ നഷ്ടമായതോടെ കർഷകന് വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290