01 October, 2026 12:43:31 PM
പാലക്കാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

തിരുവനന്തപുരം: പാലക്കാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. തിങ്കൾ ഉച്ചയ്ക്ക് ചന്ദ്രനഗറിൽ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് 16 വയസുള്ള പെൺകുട്ടികളെ കാണാതായത്. ഇരുവരും പോക്സോ കേസ് അതിജീവിതകളാണ്. ഇതിൽ മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പോക്സോ കേസിലെ അതിജീവിതയെയാണ് തിരുവനന്തപുരം വഞ്ചിയൂർ ഭാഗത്ത് കണ്ടെത്തിയത്. സംരക്ഷണ കേന്ദ്രത്തിൽ നിന്നും കടന്ന രണ്ടുപേരുടെയും കൈവശം ഫോൺ ഉണ്ടായിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ ട്രാക്ക് ചെയ്യാൻ കഴിയാതെയായി. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വന്നത്. രണ്ടാമത്തെ കുട്ടി തമിഴ്നാട്ടിലേയ്ക്ക് കടന്നതായാണ് വിവരം. പെൺകുട്ടി അതിജീവിതയായിട്ടുള്ള പോക്സോ കേസ് പ്രതി അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. യുവാവിനൊപ്പമായിരിക്കാം പെൺകുട്ടി പോയതെന്ന നിഗമനത്തിലാണ് പൊലീസ്.


