14 October, 2026 11:58:55 AM
ജര്മനിയില് പെണ്കുട്ടിയെ റോബോര്ട്ട് കടന്നുപിടിച്ചു; ഉടമ പിടിയില്

ബെര്ലിന്: ജര്മനിയില് പെണ്കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്ട്ട്. ജര്മനിയിലെ കോളോണ് നഗരത്തില് അയണ്മാന്റെ രൂപമുള്ള ഹ്യൂമനോയിഡ് റോബോര്ട്ട് ആണ് പതിനാറുകാരിയെ കടന്നുപിടിച്ചത്. സംഭവത്തില് റോബോര്ട്ടിന്റെ ഉടമയായ 16 കാരനെയും സുഹൃത്തായ 19കാരനെയും പൊലീസ് കസ്റ്റഡിയില് എടുത്തു.
റസ്റ്റോറന്റില് വച്ച് പെണ്കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോര്ട്ട് പെണ്കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകള് കാണിച്ചതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. നേരത്തെ പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ നിയന്ത്രിക്കാന് സാധിക്കുന്ന റോബോര്ട്ട് ആണ് ഇത് എന്നാണ് വിവരം.
പൊലീസ് തൊട്ടടുത്ത ബ്ലോക്കില് നിന്നാണ് കൗമാരക്കാരനായ ആണ്കുട്ടിയെയും സുഹൃത്തിനെയും കണ്ടെത്തിയത്. ആണ്കുട്ടി ഒരു കാറിനുള്ളില് വെച്ചിരുന്ന നിലയില് പിന്നീട് റോബോട്ടിനെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കറുത്ത മീശയും സ്വര്ണ്ണനിറത്തിലുള്ള മാലയും വെള്ള നിറത്തിലുള്ള ബനിയനും ധരിച്ച നിലയിലുള്ള റോബോട്ടിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.
റോബോട്ടിനൊപ്പം, സംശയിക്കപ്പെടുന്നവരുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല് ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സംഭവസമയത്ത് ആരെങ്കിലും ബോധപൂര്വ്വം റോബോട്ടിന്റെ ചലനങ്ങള് നിയന്ത്രിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ സംബന്ധിച്ച് വരുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകള് അതിരു കടന്നാല് നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.


