03 November, 2026 12:27:17 PM
യുക്രെയ്നിലെ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം; 26 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 26 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. മുൻനിരയ്ക്ക് സമീപമുള്ള കൊമിഷുവാഖ ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. വിദ്യാർഥികൾക്ക് പഠിക്കാനായി ഉപയോഗിക്കാത്ത ഈ കെട്ടിടം അഭയകേന്ദ്രമായും ആഴ്ചതോറും സഹായപ്പൊതികൾ വിതരണം ചെയ്യുന്ന കേന്ദ്രമായും പ്രവർത്തിച്ചുവരികയായിരുന്നു.
തിങ്കളാഴ്ച സഹായം വാങ്ങാനായി പ്രദേശവാസികൾ എത്തിയ സമയത്താണ് ആദ്യ ആക്രമണമുണ്ടായതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിന്നാലെ അഭയകേന്ദ്രത്തിന് നേരെ വീണ്ടും വ്യോമാക്രമണമുണ്ടായി. മരിച്ചവരിൽ രക്ഷാപ്രവർത്തക സംഘത്തിലെ രണ്ട് പേരും നാല് പൊലീസുകാരും ഉൾപ്പെടുന്നു. അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 27 പേരെ കാണാതായതായും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.


