12 November, 2026 12:31:13 PM
ഫുജൈറയിൽ കാർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി അപകടം; 3 മലയാളികൾ മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഫുജൈറയിലെ ഇവാ കഫറ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. ബുധനാഴ്ച അർധരാത്രിക്ക് ശേഷം ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ കോടതിക്ക് മുന്നിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സിദ്ദിഖിൻറെ ഭാര്യയും മൂത്ത മകളും അവരുടെ രണ്ടു കുട്ടികളും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.


