22 August, 2026 10:20:26 AM
അലാസ്കയിൽ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചു

അലാസ്ക: കനത്ത മൂടൽമഞ്ഞിനിടെ രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നുവീണ് അലാസ്കയിൽ എട്ടുപേർ മരിച്ചു. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപമാണ് അപകടം. മരിച്ചവരിൽ രണ്ട് പൈലറ്റുമാരും യു.എസ്. ആർമി കോർപ്സ് ഓഫ് എൻജിനീയേഴ്സിലെ രണ്ട് ജീവനക്കാരും നാല് കരാർ തൊഴിലാളികളും ഉൾപ്പെടുന്നു. റഡാർ കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾക്കായി വിദഗ്ധരെ എത്തിച്ചിരുന്ന സെക്യൂരിറ്റി ഏവിയേഷൻ കമ്പനിയുടെ ഇരട്ട എൻജിൻ സെസ്ന 441 ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റുമാർക്ക് റൺവേ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല. ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചായിരുന്നു ലാൻഡിങ് ശ്രമം.
കാഴ്ചപരിധി വളരെ കുറഞ്ഞതിനെ തുടർന്ന് ആദ്യ ലാൻഡിങ് ശ്രമം പൈലറ്റുമാർ ഉപേക്ഷിച്ചു. തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയെത്തിയപ്പോൾ വിമാനത്തിന് റഡാർ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെ സമീപത്തെ പർവതപ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആങ്കറേജിൽ നിന്ന് ഏകദേശം 725 കിലോമീറ്റർ പടിഞ്ഞാറാണ് അപകടസ്ഥലം. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ മിസൈൽ നീക്കങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച റഡാർ കേന്ദ്രം നിലവിൽ റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമചലനങ്ങൾ നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. അപകടസമയത്ത് ജീവനക്കാർ നടത്തിയിരുന്ന അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.


