27 August, 2026 10:03:13 AM
പാകിസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; 15 നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 15 നവജാത ശിശുക്കള്‍ വെന്തുമരിച്ചെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ 16 കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതില്‍ ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായത്. ഇന്നലെ പുലര്‍ച്ചയോടെ ഗൈനക്കോളജി വിഭാഗത്തിലെ എയര്‍ കണ്ടീഷ്ണര്‍ തകരാര്‍ മൂലം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
തീ ആളിപ്പടര്‍ന്ന മുറിയുടെ ചില്ല് വാതില്‍ തകര്‍ത്ത് അഗ്നി രക്ഷാ സോനാംഗങ്ങള്‍ അകത്തു കടക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മാതൃ-ശിശു ആരോഗ്യ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ 15 നവജാതശിശുക്കള്‍ പൂര്‍ണ്ണമായും വെന്തുമരിച്ചതായാണ് ജില്ലാ ഭരണകൂടം ഔദ്യോഗികമായി പറഞ്ഞത്. ആശുപത്രിയുടെ വെബ്സൈറ്റ് പ്രകാരം, ഗൈനക്കോളജി വിഭാഗത്തില്‍ 156 കിടക്കകളാണുള്ളത്. തീ അണച്ചതായും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് 'കൂളിംഗ്' നടപടികള്‍ (തീപിടിച്ച ഭാഗം തണുപ്പിക്കാനുള്ള നടപടികള്‍) തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.


