11 November, 2026 10:22:18 AM


മിന്നൽ പ്രളയം: മലേഷ്യയിൽ 2 മലയാളികൾ മരിച്ചു



കോഴിക്കോട്: മലേഷ്യയിലെ റവാങ്ങിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മിന്നൽ പ്രളയത്തെയും തുടർന്ന് തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപ്പത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ദീപാവലി അവധി ആഘോഷിക്കാനായി റവാങ്ങിലെ തടാക സന്ദർശനത്തിനെത്തിയതായിരുന്നു ഇരുവരും. എറണാകുളം സ്വദേശിയായ അനീഷ് കഴിഞ്ഞ ഏഴ് വർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

ഒരു മാസം മുൻപാണ് അനീഷ് നാട്ടിലെത്തി മടങ്ങിയത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് മരിച്ച ലിനിൽ. അപകടത്തിൽപ്പെട്ട 19 പേരെ പ്രദേശത്തുനിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും എട്ട് പേരെ കാണാതായിരുന്നു. ഇവർക്കായി നടത്തിയ വിപുലമായ തിരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മൃതദേഹങ്ങൾ റവാങ്ങിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912