12 October, 2026 01:10:42 PM


റിയാദിൽ ഉംറ സംഘം അപകടത്തിൽപെട്ടു; ​ഇന്ത്യക്കാരടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം



റിയാദ്: റിയാദിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ അൻവർ ഹുസെെൻ (53), ഷക്കീൽ അഹമ്മദ് ഷാ (48) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ബസ് ഡ്രെെവറായ പാകിസ്താൻ സ്വദേശി മുഹമ്മദ് ഉമർ മുഹമ്മദ് (28) ആണ് മൂന്നാമത്തെയാൾ.

റിയാദ്-മക്ക റോഡിലെ റുവെെദയിലാണ് ഇന്നലെ അപകടമുണ്ടായത്. ദമാമിൽ നിന്നും ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനത്തിൽ ആറ് ഇന്ത്യക്കാരുൾപ്പെടുന്ന 44 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ റുവെെദ, അൽ ഖുവയ്യ, ഖാസിറ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, യമൻ, ബം​ഗ്ലാദേശ് എന്നീ രാജ്യക്കാരാണ് ഇവർ. മരിച്ചവരുടെ മൃതദേഹങ്ങൾ റുവെെദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അൻവറിന്റെ ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുടർ നടപടികൾ പൂർത്തിയാക്കാനായി സാമൂ​ഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, ജലീൽ റുവെെദ എന്നിവർ രം​ഗത്തുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914