16 July, 2026 05:30:38 PM


മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം



നെയ്പീദോ: മ്യാന്‍മര്‍ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകള്‍ മുങ്ങി 500ലധികം റോഹിങ്ക്യൻ അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു. ജൂണ്‍ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാന്‍മറില്‍നിന്നു യാത്ര തിരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍തോതില്‍ ജീവഹാനി സംഭവിച്ചിരിക്കാമെന്നത് തങ്ങളെ അതീവ ആശങ്കയിലാഴ്ത്തുന്നതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച്, 250 ഓളം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് 280 യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8 ന് മ്യാന്‍മറില്‍ ഇരാവതി തീരത്തിനടുത്ത് വച്ച് കടലില്‍ മറിഞ്ഞതായാണ് കരുതപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയില്‍ ബോട്ടുവകള്‍ യാത്രതിരിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

പലായനത്തിനിടെ ജൂലൈ എട്ടിനാണ് അപകടം നടന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം 2025ല്‍ മാത്രം തൊള്ളായിരത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളെയാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തത്. 2026 ന്റെ ആദ്യ പകുതിയില്‍ മാത്രം റോഹിംഗ്യന്‍ അഭയാര്‍ഥികളും ബംഗ്ലദേശ് പൗരന്മാരുമടങ്ങുന്ന മുന്നൂറോളം പേരെ ഇതേ കടല്‍ മേഖലകളില്‍ കാണാതായിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926