06 September, 2026 01:43:13 PM
കരുവാറ്റ കൊലപാതകം: 13കാരിയെ ഏറ്റെടുക്കാനും നിയമസഹായം നൽകാനും താത്പര്യമില്ലെന്ന് കുടുംബം

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഒരു കാരണവശാലും ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് കുടുംബം. കുട്ടിയെ ഏറ്റെടുക്കാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ തങ്ങൾക്ക് യാതൊരു താത്പര്യവുമില്ലെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു.മൊഴിയെടുക്കുന്നതിനായി പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് ഇരുവരും ഈ നിലപാട് വ്യക്തമാക്കിയത്.
നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയായ കുട്ടിയുമായി ഇനി യാതൊരു ബന്ധവും തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. കുടുംബാംഗങ്ങൾ നൽകിയ മൊഴി അന്വേഷണ സംഘം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ സമർപ്പിക്കും. നിലവിൽ കോഴിക്കോട്ടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്പതിമൂന്നുകാരി കഴിയുന്നത്.
കേസിലെ പ്രതികളായ രണ്ട് ആൺകുട്ടികൾക്ക് നിലവിൽ സർക്കാർ അഭിഭാഷകരെ അനുവദിച്ച് നൽകിയിട്ടുണ്ട്. കുടുംബം നിയമസഹായം നൽകാൻ വിസമ്മതിച്ചതോടെ, പതിമൂന്നുകാരിക്കും സർക്കാർ ചെലവിൽ അഭിഭാഷക സേവനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിക്കും.


