05 September, 2026 01:46:06 PM


പോപ്‌കോണിനും കുടിവെള്ളത്തിനുമടക്കം അമിതവില; കൊച്ചിയിലെ മാളുകളിൽ പരിശോധന



കൊച്ചി: കൊച്ചിയില്‍ തീയറ്ററുകളില്‍ പോപ്കോണ്‍, കുടിവെള്ളം അടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. മാളുകളിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ കഫെറ്റീരിയയിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. സാധനങ്ങളുടെ വിലയും തൂക്കവുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വില വിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും. 

സിനിമ കാണാനെത്തുന്നവരില്‍ നിന്ന് പോപ്‌കോണ്‍, ശീതളപാനീയങ്ങള്‍, കുപ്പിവെള്ളം, മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് സാധാരണ വിപണി വിലയെക്കാള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തീയേറ്ററുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വ്യക്തമായ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധന നടത്തുന്നുണ്ട്.  

പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തീയേറ്ററുകള്‍ക്കുള്ളില്‍ അനുവദിക്കാത്തതിനെതിരെയും വിമര്‍ശനം ശക്തമായിരുന്നു. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300