04 September, 2026 09:50:17 AM
ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ജിഎസ്എല്‍വിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് പ്രധാനം. ഇന്ന് പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ബഹിരാകാശത്തേക്ക് അയച്ച ഇഒഎസ്-05.
ജനുവരിയിലെ പിഎസ്എല്‍വി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആര്‍ഒ വിക്ഷേപണമാണ് ജിഎസ്എല്‍വിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 05 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വണ്‍ എ രാജ്യ സുരക്ഷ മുതല്‍ ദുരന്തനിവാരണം വരെ വിവിധ മേഖലകളില്‍ മുതല്‍ക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തില്‍ നിന്ന് മുഴുവന്‍ സമയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രഹം വിക്ഷേപിക്കാന്‍ നടന്ന ജിഎസ്എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിര്‍മ്മിച്ചതാണ് പുത്തന്‍ പേടകം.


