29 August, 2026 12:49:22 PM
ചേന്തി അനിൽ റൗഡി ലിസ്റ്റിലുള്ളയാൾ; സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം: ചേന്തിയിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡി.സി.സി അംഗം ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെ.പി.സി.സി നിർദ്ദേശപ്രകാരം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് എന്‍ ശക്തന്‍ ആണ് അച്ചടക്ക നടപടിയെടുത്തത്.
കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വാഹനം നിര്‍ത്തി ഇറങ്ങിയ മുഖ്യമന്ത്രിയെ മുന്നോട്ട് പോകാന്‍ സാധിക്കാത്ത തരത്തില്‍ മാര്‍ഗം തടസം സൃഷ്ടിച്ചുകൊണ്ട് 'ഏറ്റ പരിപാടിയല്ലേ എന്താ പങ്കെടുക്കാത്തത്' എന്ന് ഉച്ചത്തില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചതായും ഈ സമയം നീ എന്തിനാണ് ദേഷ്യപ്പെടുന്നത് മുഖ്യന്ത്രി ചോദിച്ചപ്പോള്‍ 'ചൂടായാല്‍ നീ എന്തു ചെയ്യമെന്ന്' എന്ന് ഭീഷണിപ്പെടുത്തി.
മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചതായും മുഖ്യമന്ത്രിയൊടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും ഔൗദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധിനീക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ചേന്തി അനില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.


